IJKVOICE

കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ്. മജീദിനാണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. മത്സ്യതൊഴിലാളിയാണ് മജീദ്. ബുധനാഴ്ച രാവിലെ കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ. ചെന്താമരയിൽനിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് മജീദിന്റെ ഭാഗ്യം വന്നെത്തിയത്. ആദ്യവിൽപ്പനയായതിനാൽ 10 രൂപ നൽകി. ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങിവരുമ്പോൾ നൽകാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകൾ വാങ്ങിയത്. വിൽപ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നൽകുകയും ചെയ്തു. എഫ്.എക്സ്. 492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസസമ്മാനവും മജീദീന് ലഭിക്കും. നാലു വർഷമായി മീൻ കച്ചവടം നടത്തിയാണ് മജീദും കുടുംബവും ജീവിക്കുന്നത്. 20 വർഷമായി ലോട്ടറിയെടുക്കുന്ന മജീദിന് ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. മജീദീന്റെ ഭാര്യ: ലൈല. മക്കൾ: ജെസീന, റിയാസ്, ജംസീന എന്നിവരാണ്.