സിപിഐഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് തീരുമാനത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണെന്നും അതിൽ തീരുമാനമെടുക്കാനുള്ള അവകാശം ലീഗിനുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.
‘ലീഗ് തീരുമാനത്തിൽ വിഷമമില്ല. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണ്. അതിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലീഗിനുണ്ട്. യുഡിഎഫിലെ പ്രധാന രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസ് ഇനിയും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ടെന്നും പറഞ്ഞ ശിവൻകുട്ടി, കോൺഗ്രസ് നിലപാടിൽ നിന്ന് ലീഗ് പഠിക്കണമെന്നും അവരുടെ കുഴിയിൽ ചാടരുതെന്നും പറഞ്ഞു.
സിപിഐഎം സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് തീരുമാനം അൽപ്പസമയം മുൻപാണ് ലീഗ് നേതൃത്വം മാധ്യമങ്ങളെ അറിയിച്ചത്. പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനമായത്. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. യു ഡി എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും, ലീഗ് യു ഡി എഫിന്റെ ഭാഗമെന്നും സാദിക്കലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.